മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം: പിന്തുണച്ച് മുസ്ലീം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ പിന്തുണച്ച് മുസ്ലീം വ്യക്തി നിയമ ബോർഡ്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പള്ളികളിൽ ആരാധനയ്ക്കായി സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ ഇസ്ലാം മതം വിലക്കുന്നില്ല. എന്നാൽ സ്ത്രീകള്‍ പള്ളികളിൽ പ്രാർഥിക്കണമെന്നോ വെള്ളിയാഴ്ച നമസ്കാരത്തിൽ പങ്കെടുക്കണമെന്നോ മതം നിഷ്കർഷിക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ഇവർ ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ക്കു പള്ളികളില്‍ പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ആരോപിച്ച് പുണെയില്‍ നിന്നുള്ള ദമ്പതികളായ യാസ്മീന്‍ സുബേര്‍ അഹമ്മദ് പീര്‍സാദ, സുബേര്‍ അഹമ്മദ് നസീര്‍ അഹമ്മദ് പീര്‍സാദ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തത്.