യുവതിയെ കൊന്നു കനാലിൽ തള്ളി കുടുംബം; ദുരഭിമാനക്കൊലയെന്ന് സംശയം

ഡൽഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് ദുരഭിമാനക്കൊല. ഒരേ ഗോത്രത്തിൽ നിന്ന് വിവാഹം ചെയ്തു എന്നാരോപിച്ചാണ് 25കാരിയായ ശീതൾ ചൗധരിയെയാണ് കുടുംബാംഗങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം അലിഗഡിലെത്തിച്ച് ഒരു കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്.

മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ശീതളും അങ്കിത് എന്ന യുവാവും തമ്മിൽ വിവാഹിതരായത്. ഈസ്റ്റ് ഡൽഹിയിലെ ആര്യസമാജം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ കഴിഞ്ഞ മാസം മാത്രമാണ് വിവാഹത്തെക്കുറിച്ച് ശീതള്‍ വീട്ടുകാരെ അറിയിച്ചത്. ഇതിനെ എതിർത്ത ഇവർ വിവാഹംബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഇതേതുടർന്ന് മാതാപിതാക്കൾ ഉള്‍പ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജനുവരി 29നായിരുന്നു കൃത്യം നടന്നത്. അന്നു തന്നെ മൃതദേഹം അലിഗഡിൽ ഉപേക്ഷിക്കുകയും ചെയ്തു. ജനുവരി 30ന് തന്നെ അലിഗഡ് പൊലീസ് മൃതദേഹം കണ്ടെടുത്തിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ആരുടെതെന്ന് അറിയാതെ വന്ന സാഹചര്യത്തിൽ അജ്ഞാത മൃതദേഹം എന്ന നിലയിൽ മൂന്നാം നാൾ പൊലീസ് തന്നെ സംസ്കരിച്ചു.

ഭാര്യയെ കാണാനില്ലെന്ന് കാട്ടി അങ്കിത് പരാതി നൽകിയതോടെയാണ് അരുംകൊലയുടെ വിവരം പുറത്തറിയുന്നത്. ശീതളിന്റെ മറ്റു ചില ബന്ധുക്കൾ നൽകിയ സൂചനകൾ അനുസരിച്ച് സംശയം മാതാപിതാക്കളിലേക്ക് നീങ്ങി. ഒടുവില്‍ ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയും ചെയ്തു. യുവതിയുടെ മാതാപിതാക്കൾ, രണ്ട് അമ്മാവൻമാർ, കസിൻ, മറ്റൊരു ബന്ധു എന്നിവരാണ് പിടിയിലായത്. ഇതിനിടെ തന്നെ അലിഗഡിലെ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം അറിഞ്ഞിരുന്നു. അന്ന് സൂക്ഷിച്ചു വച്ചിരുന്ന വസ്ത്രങ്ങളിൽ നിന്ന് ഇത് ശീതള്‍ തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.