യെച്ചൂരിയുടെ റോഡ് ഷോയ്ക്കും അനുമതി നിഷേധിച്ച് ബംഗാളില്‍ മമത

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ റോഡ് ഷോയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഡംഡം മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി നേപ്പാള്‍ ഭട്ടാചര്യയുടെ പ്രചാരണാര്‍ഥം ഖഡ്ദ മുതല്‍ ബാരാനഗര്‍വരെ നടത്താനിരുന്ന റോഡ് ഷോയാണ് നിരോധിച്ചത്.

നേതാക്കളുള്‍പ്പെടെ എത്തിയശേഷമാണ് കാരണം വിശദീകരിക്കാത പൊലീസ് അനുമതി പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് ഖഡ്ദയില്‍ റാലി തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ബിടി റോഡ് രബീന്ദ്രഭവനുമുന്നില്‍ പ്രതിഷേധയോഗം ചേര്‍ന്നു.

എതിര്‍ കക്ഷികള്‍ക്ക് സ്വതന്ത്രമായി പ്രചാരണം നടത്താനുള്ള അവകാശമാണ് തൃണമൂല്‍ സര്‍ക്കാര്‍ നിഷേധിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. ബിജെപിയും തൃണമൂലും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്.

സിപിഐ എമ്മിന് മാത്രമാണ് ജനാധിപത്യ ധ്വംസനത്തിന് മറുപടി നല്‍കാനാകുക. ബിജെപിക്ക് ഇനി ഒരവസരം നല്‍കിയാല്‍ അവര്‍ പിന്നീട് ജനങ്ങള്‍ക്ക് അവസരം നല്‍കില്ല. തൃണമൂലിനെ അകറ്റി ബംഗാളിനെ രക്ഷിക്കുക, ബിജെപിയെ തകര്‍ത്ത് രാജ്യത്തെ രക്ഷിക്കുക എന്നതാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് നയം.
അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. ഇത് അംഗീകരിച്ചുള്ള പിന്തുണ ജനങ്ങളില്‍നിന്ന് ലഭിക്കുമെന്നും യെച്ചൂരി പറഞ്ഞു.