രണ്ടുലക്ഷം പേരെ വരെ ക്വാറന്റൈന്‍ ചെയ്യാൻ സംവിധാനം ഉണ്ട്: പ്രവാസികളുടെ കാര്യത്തിൽ പ്രതീക്ഷയർപ്പിച്ച് മുഖ്യമന്ത്രി

0
4
Pinarayi
Pinarayi

തിരുവനന്തപുരം: വിദേശത്തു നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ സംവിധാനം ഉണ്ടായാൽ രണ്ട് ലക്ഷം പേരെ വരെ ക്വാറന്റൈൻ ചെയ്യാൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ കൂടുതൽ പേർ മടങ്ങി വന്നാലും എല്ലാവരെയും സ്വീകരിക്കാനും സുരക്ഷിതമായി പാർപ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടിവരും. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യും.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടാകുന്നതുവരെ പ്രവാസികള്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെ അവിടുത്തെ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കഴിയണം.

മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയുംഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണം. നോര്‍ക്ക റൂട്ട്‌സ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് പ്രവാസികള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.