റിപ്പബ്ലിക് ദിനം: കുവൈറ്റിലെ ഇന്ത്യൻ എംബസിയിലും ആഘോഷചടങ്ങുകൾ

0
7

കുവൈറ്റ്: ഇന്ത്യയുടെ 71-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി കുവൈറ്റിലെ ഇന്ത്യക്കാരും. രാജ്യത്തെ ഇന്ത്യൻ എംബസി വളപ്പിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാന്‍ നിരവധി ആളുകളാണെത്തിയത്. ഇന്ത്യൻ അംബാസഡർ കെ.ജീവസാഗർ ത്രിവർണ പതാക ഉയർത്തിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ദേശീയ ഗാനം ആലപിച്ചും രാഷ്ട്രപതി ദേശത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം ഉച്ചത്തിൽ വായിച്ചും ചടങ്ങുകൾ ഇവർ ഗംഭീരമാക്കി.

രാജ്യത്തിന്റെ നാനാതുറകളിൽ നിന്നുള്ള ഇന്ത്യക്കാർ റിപ്പബ്ലിക് ദിനാഘോഷത്തിനായി എംബസിയിൽ എത്തിയിരുന്നു. മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് ഹാരം അണിയിച്ചും വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചും അന്യനാട്ടിൽ തങ്ങളുടെ നാടിന്റെ യശസുയർത്തി. ഇന്ത്യക്കാർക്കായി എംബസി നടത്തുന്ന വിവിധ ശ്രമങ്ങളെ ഊന്നിപ്പറഞ്ഞു കൊണ്ടാണ് ഇന്ത്യൻ അംബാസഡർ ചടങ്ങിനെത്തിയ ആളുകളെ അഭിസംബോധന ചെയ്തത്. അതുപോലെ തന്നെ വിവിധ പ്രശ്നങ്ങൾ എംബസിയുടെ സുഗമമായ ഇടപെടലിന് സഹായിക്കുന്ന പല മേഖലകളിൽ നിന്നുള്ള ആളുകൾക്ക് നന്ദി രേഖപ്പെടുത്താനും മറന്നില്ല.

കുവൈറ്റിലുള്ള എല്ലാ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേർന്ന അംബാസഡർ ഇന്ത്യൻ ജനതയ്ക്ക് എല്ലാ വിധ പിന്തുണയും നൽകുന്ന കുവൈറ്റ് സർക്കാരിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.