ലോ ഫ്ലോർ എസി ബസിൽ യാത്രക്കാരൻ ഛർദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ, പ്രതിഷേധിച്ച് യാത്രക്കാർ

യാത്രയ്ക്കിടെ ബസിൽ ഛർദിച്ച അസം സ്വദേശിയെക്കൊണ്ടു ജീവനക്കാർ ബസ് കഴുകിച്ചു. യാത്രക്കാർ പ്രതിഷേധിച്ചതോടെ ജീവനക്കാരുടെ സഹായത്തോടെയാണു ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആർടിസി അധികൃതർ ന്യായീകരിച്ചു. ഇന്നലെ വൈകിട്ട് കോട്ടയം ബസ് സ്റ്റാൻഡിലാണു സംഭവം.

അസം ഗുവാഹതി നൗഗായ് സ്വദേശി അസദുൽ ഇസ്‍ലാമിനാണ് ദുരനുഭവം. എറണാകുളത്തു നിന്നുള്ള തിരുവനന്തപുരം ലോ ഫ്ലോർ എസി ബസിലെ യാത്രക്കാരായിരുന്നു അസദുൽ ഇസ്‍ലാമും സുഹൃത്തുക്കളും. ചെങ്ങന്നൂർ പ്രാവിൻകൂടിലെ ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റിലാണ് ഇവർ ജോലി ചെയ്യുന്നത്.

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ഛർദിച്ചുവെന്നു അസദുൽ ഇസ്‍ലാം പറഞ്ഞു. കോട്ടയം ഡിപ്പോയിൽ എത്തിയപ്പോൾ ബസിൽ നിന്ന് മറ്റു യാത്രക്കാരെ ഇറക്കി നിർത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് അസദുൽ ബസ് കഴുകി. ബസ് കഴുകാൻ കോട്ടയം ഡിപ്പോയിൽ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാർ ഉള്ളപ്പോഴാണ് യാത്രക്കാരനോടു കഴുകാൻ നിർബന്ധിച്ചത്. അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നു കോട്ടയം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എ. അബ്ദുൽ നാസർ പറഞ്ഞു.