വജ്രം വയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: ആഫ്രിക്കൻ സ്വദേശി യുഎഇയില്‍ പിടിയിൽ

ഷാര്‍ജ: വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാൾ പിടിയില്‍. ആഫ്രിക്കൻ സ്വദേശിയായ യാത്രക്കാരനെയാണ് ഷാര്‍ജ കസ്റ്റംസ് അധികൃതർ പിടികൂടിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന സം‌ഭവമാണിതെന്നാണ് ഫെഡറൽ കസ്റ്റംസ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചത്.

യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് അധികൃതർ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ബാഗുകളടക്കം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് ഷാർജ കസ്റ്റംസിന്റെ കൈവശമുള്ള പ്രത്യേക സ്കാനർ ഉപയോഗിച്ചുള്ള പരിശോധനയിൽ വയറ്റിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തുകയായിരുന്നു.
297 ഗ്രാം വജ്രമാണ് ഇയാളുടെ വയറ്റിലുണ്ടായിരുന്നത്. ഇതിന് ഏകദേശം 90000 യുഎസ് ഡോളര്‍ വിലമതിക്കും.

ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നിവരുടെ സഹായത്തോടെയാണ് ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഇയാളെ പിടികൂടിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വജ്രം കടത്തിക്കൊണ്ടു വന്ന് യുഎഇയിൽ വിൽക്കാനായിരുന്നു ശ്രമമെന്നായിരുന്നു ഇയാൾ പൊലീസിനെ അറിയിച്ചത്.