വയനാട് പലയിടത്തും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്‌ദവും പ്രകമ്പനവും

വയനാട്: വയനാട് ജില്ലയിൽ പല സ്ഥലങ്ങളിൽ നിന്നും ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്‌ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ അറിയിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങി. ഇന്ന് രാവിലെ മുതലാണ് പലയിടങ്ങളിലും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.പ്രകമ്പനം ഉണ്ടായ സ്ഥലങ്ങളില്‍ റവന്യു, ജിയോളി വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്.