കൊറോണ: വിദേശത്തു നിന്നെത്തി പരിശോധനയ്ക്ക് വിധേയരാകാത്തവരെ കണ്ടെത്താൻ കുവൈറ്റ് അധികൃതർ

0
5

കുവൈറ്റ്: വിദേശരാജ്യങ്ങളിൽ നിന്ന് തിരികെയെത്തി അധികൃതരെ വിവരം അറിയിക്കാതെ രാജ്യത്തേക്ക് കടന്ന സ്വദേശികൾക്കായി അന്വേഷണം വ്യാപകമാക്കി കുവൈറ്റ്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് മടങ്ങിയെത്തുന്ന പൗരന്മാർക്ക് കടുത്ത നിയന്ത്രണങ്ങൾ കുവൈറ്റ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരുന്നു. മടങ്ങി വരുന്നവർ അധികൃതരെ വിവരം അറിയിക്കണമെന്നും വിദഗ്ധ പരിശോധനകൾക്ക് വിധേയരാകണമെന്നും അടക്കമുള്ള നിർദേശങ്ങളും നൽകിയിരുന്നു. ഇത് പാലിക്കാതെ രാജ്യത്തേക്ക് കടന്ന പൗരന്മാർക്കായാണ് ഇപ്പോൾ തെരച്ചിൽ ആരംഭിച്ചിരിക്കുന്നത്.

ഇറാനിൽ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അവിടെ നിന്നും തങ്ങളുടെ പൗരന്മാരെ കുവൈറ്റ് ഒഴിപ്പിച്ചിരുന്നു. ഈ ഒഴിപ്പിക്കൽ നടപടി ആരംഭിച്ച ഫെബ്രുവരി 22ന് മുമ്പായി രാജ്യത്ത് എത്തിയ പൗരന്മാർക്കായാണ് തെരച്ചിൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിൽ നിന്ന് മടങ്ങിയെത്തിയവരെ ക്വാറന്റൈൻ ചെയ്യണമെന്ന നിർദേശം നിലവിൽ വന്ന ശേഷവും കുറച്ചാളുകൾ അധികൃതരെ അറിയിക്കാതെ കടന്നു എന്നാണ് സൂചന. ഇത് ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ അനാസ്ഥയായും വിലയിരുത്തപ്പെടുന്നുണ്ട്.

വിമാനയാത്രികരുടെ പട്ടിക പരിശോധിച്ച് ഇത്തരത്തില്‍ കടന്നവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.