വിമാനത്താവളം വഴി ലഹരി മരുന്നു കടത്താനുള്ള ശ്രമം തടഞ്ഞ് കുവൈറ്റ് കസ്റ്റംസ്: 4 പേർ അറസ്റ്റിൽ

കുവൈത്ത്: വിമാനത്താവളം വഴി ലഹരി വസ്തുക്കൾ കടത്താനുള്ള മൂന്നോളം ശ്രമങ്ങൾ തടഞ്ഞ് കുവൈറ്റ് കസ്റ്റംസ് അധികൃതർ. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴിയാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമം നടന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. വിവിധ സംഭവങ്ങളവുമായി ബന്ധപ്പെട്ട രണ്ട് ഏഷ്യൻ വംശജർ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

യുഎസ് സ്വദേശി, ഏഷ്യൻ രാജ്യത്ത് നിന്നെത്തിയ അറബ് വംശജൻ, രണ്ട് ഏഷ്യക്കാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ച നിലയിലാണ് യുഎസ് സ്വദേശിയിൽ നിന്നും അറബ് വംശജനിൽ നിന്നും ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. പേപ്പർ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച കടത്താൻ ശ്രമിച്ച കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായാണ് ഏഷ്യൻ വംശജൻ പിടിയിലാകുന്നത്. 250 ഗ്രാം ഹാഷിഷുമായാണ് മറ്റൊരു ഏഷ്യൻ വംശജൻ പിടിയിലാകുന്നത്. നാട്ടിൽ നിന്നും ലഹരി വസ്തുവുമായെത്തിയ ഇയാൾ ടെർമിനൽ 5ൽ വച്ചാണ് കസ്റ്റംസ് പിടിയിലാകുന്നത്.