വിവാദ കാർഷിക നിയമം; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഡൽഹി: വിവാദ കാർഷിക നിയമ
പ്രതിഷേധങ്ങൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നിലപാടിൽ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യമില്ല. ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, അത് നിങ്ങളുടെ ഭാവനയിൽ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പോലും പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചാൽ അവരെ തീവ്രവാദിയാക്കുമെന്നും രാഹുൽ പറഞ്ഞു. വിവാദകാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഷ്ട്രപതിയെ കണ്ട് നിവേദനം സമർപ്പിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതിഭവന് മുന്നിലേക്ക് സംഘടിപ്പിച്ച മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിലക്ക് തള്ളി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്നേതാക്കൾ രാഹുലിന്റെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി. തുടർന്ന് പ്രിയങ്ക അടക്കമുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ മാർച്ച് സംഘർഷ ഭരിതമായിരുന്നു.

പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ചു. തുടർന്ന് ഇവരേയും അറസ്റ്റ് ചെയ്ത് നീക്കി.രണ്‍ദീപ് സുര്‍ജേവാല, എംപിമാരായ കെസി വേണുഗോപാല്‍, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.