കുവൈറ്റ്: ഗാർഹികത്തൊഴിലാളികള അയക്കുന്നതിന് ഫിലിപ്പൈൻസ് വിലക്കേർപ്പെടുത്തിയതോടെ കുവൈറ്റിൽ ഗാര്‍ഹികത്തൊഴിലാളി ക്ഷാമം രൂക്ഷമായി. ഈ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് കുവൈറ്റ്. ഫിലിപ്പൈന്‍ സ്വദേശിയായ ഗാര്‍ഹിക തൊഴിലാളി കുവൈറ്റിൽ സ്പോൺസറുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കിയ ഈ സംഭവത്തെ തുടർന്നാണ് ഗാര്‍ഹികത്തൊഴിലാളികളെ കുവൈറ്റിലേക്ക് അയക്കുന്നതിന് ഫിലിപ്പൈൻസ് വിലക്കേര്‍പ്പെടുത്തിയത്.
വീട്ടുജോലികള്‍ക്ക് ആളെക്കിട്ടാതായതോടെ കെനിയ, സിയറ ലിയോൺ, ഗിനി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കൂടി ആളെ എത്തിക്കുന്ന കാര്യമാണ് മാൻപവർ അതോറിറ്റി പരിഗണിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
ഫിലിപ്പൈന്‍ യുവതി കൊലപ്പെട്ട പശ്ചാത്തലത്തിൽ ഗാർഹിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന രീതിയിൽ തൊഴിൽ നിയമ പരിഷ്കാരം ഉടന്‍ ഉണ്ടാവുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കുന്ന ഏജൻസികൾക്കും കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും ഏർപ്പെടുത്തും.