കുവൈറ്റ്: വ്യാജ ഐഫോണുകൾ വൻവിലയ്ക്ക് വിറ്റ് തട്ടിപ്പു നടത്തുന്ന സംഘത്തെ തിരഞ്ഞ് പൊലീസ്. 15 ദിനാര്‍ വില വരുന്ന ചൈനീസ് വ്യാജ ഫോണാണ് 150 മുതല്‍ 200 ദിനാർ വരെയുള്ള വിലയ്ക്ക് വിറ്റത്. 350 ദിനാർ വില വരുന്ന ഫോൺ കുറഞ്ഞ വിലയ്ക്കെന്നു പറഞ്ഞാണ് തട്ടിപ്പു സംഘം ആളുകളെ പറ്റിച്ചിരുന്നത്.
ആഢംബര കാറിലെത്തി ഫോൺവിൽപ്പനശാലകൾക്ക് സമീപം നിന്നാണ് കച്ചവടം. സംഘം യൂറോപ്പിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ സംഘടിതമായി നടത്തുന്ന തട്ടിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യാത്രാരേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ അത്യാവശ്യ ചിലവുകൾക്കായാണ് പകുതി വിലയ്ക്ക് ഫോൺ വിൽക്കുന്നതെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ ഫോണുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. സ്വദേശികളും പ്രവാസികളും അടക്കം നിരവധി പേർ തട്ടിപ്പിനിരയായതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.