ശാന്തിവനം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കും ഹൈക്കോടതി നോട്ടീസ്

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതിലൈന്‍ നിര്‍മാണത്തില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെ എസ് ഇ ബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിലവില്‍ ശാന്തിവനത്തിലൂടെ കെ എസ് ഇ ബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസ് മേധാവിയോടും വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

കെ എസ് ഇ ബി നേരത്തെ ഈ വിഷയത്തിലെടുത്ത നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കെ എസ് ഇ ബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.

വിഷയത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും നശിപ്പിക്കപ്പെട്ട മരങ്ങളുടെയും അടിക്കാടുകളുടെയും കണക്കുകൾ തെറ്റായി അവതരിപ്പിച്ചു കോടതിയെ കബളിപ്പിച്ചിരുന്നു എന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതോടൊപ്പം ആദ്യ അലൈൻമെന്റ് ആരുടെയോ സ്വാർത്ഥ താത്പര്യത്തിന് വേണ്ടി മാറ്റി എന്നും ആരോപണം ഉണ്ടായിരുന്നു