മുംബൈ: 1970കളിലും 1980കളിലും അങ്കുർ, മാണ്ടി, മന്ഥൻ തുടങ്ങിയ ക്ലാസിക്കുകളിലൂടെ ഹിന്ദി സിനിമയിൽ സമാന്തര മുന്നേറ്റത്തിലൂടെ പുതിയ യുഗത്തിന് തുടക്കം കുറിച്ച ശ്യാം ബെനഗൽ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 90 വയസ്സായിരുന്നു. മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗലാണ് അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ 90ാമത് ജന്മദിനം ആഘോഷിച്ചത്. രാജ്യം ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 18 ദേശീയ പുരസ്താരങ്ങളാണ് ശ്യാം ബെനഗൽ നേടിയത്.