സാമൂഹിക വ്യാപനം തടയാൻ മുൻകരുതൽ: കുവൈറ്റിൽ പ്രവാസികൾക്കായി ക്വാറന്റൈൻ കേന്ദ്രങ്ങൾ

0
17

കുവൈറ്റ്: കോവിഡ് സാമൂഹിക വ്യാപനം തടയാൻ കുവൈറ്റിൽ പ്രതിരോധ മുന്നൊരുക്കങ്ങൾ ശക്തമാക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ജലീബ് അൽ ശുയൂഖിലാണ് സാമൂഹിക വ്യാപനം ഭയന്ന് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിരിക്കുന്നത്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ക്വാറന്റൈൻ കേന്ദ്രങ്ങൾ തയ്യാറാക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റ കീഴിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. പ്രദേശത്തുള്ള രണ്ടു സ്‌കൂളുകളും ഒരു കായിക കേന്ദ്രവുമാണ് പുതിയതായി തയ്യാറാകുന്ന കൊറോണ ക്വാറന്റൈന്‍ ആശുപത്രികള്‍ എന്നും പ്രതിരോധ മന്ത്രാലയം പൊതുജന വിഭാഗം അറിയിച്ചു.

കോവിഡ് 19 രൂക്ഷമായി ബാധിച്ച ഗൾഫ് രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. 1300 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ പകുതിയിൽ കൂടുതലും പ്രവാസികളാണ്. പലർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ ആശങ്ക ഉയർത്തുന്ന ഘടകമാണ്. ആ സാഹചര്യത്തിലാണ് പ്രവാസികൾക്കിടയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നത്.