സിനിമാ ലൊക്കേഷനുകളിൽ ലഹരിയുടെ ഉപയോഗമുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് പരിശോധന ആരംഭിച്ചു. രഹസ്യമായി ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ലൊക്കേഷനുകളിലാണ് ഇന്ന് എക്സൈസ് സംഘം പരിശോധന നടത്തിയത്. എന്നാൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വെളിപ്പെടുത്തലുകൾ എത്തുന്നത്. ഷെയ്ൻ വിഷയത്തിൽ നടത്തിയ പത്ര സമ്മേളനത്തിനിടെ നിർമ്മാതാക്കളുടെ സംഘടനയാണ് സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ചും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അറിയിച്ചത്. സർക്കാർ തന്നെ ഇടപെട്ട് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
തുടർന്ന് വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും അറിയിച്ചിരുന്നു. പിന്നാലെയാണ് പരിശോധന നടപടികൾ ആരംഭിച്ചത്.