സി എം ഡി ആര്‍ എഫ് സംഭാവനകള്‍ കൈകാര്യം ചെയ്യുന്നതിന് ധന വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല – മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാടിന് കൈത്താങ്ങാകാൻ ലോകമെമ്പാടുമുള്ളവർ സഹായവുമായി മുന്നോട്ടെത്തുകയാണ്. ദുരന്തത്തിൽ അനുശോചനമറിയിച്ച് ലോക രാഷ്ട്രങ്ങള്‍ ദുഖത്തിൽ പങ്കുചേർന്നിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥന വലിയ തോതിലാണ് ലോകത്താകെയുള്ള ജനങ്ങള്‍ ചെവിക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധന വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംഭാവന ചെയ്യുന്നതിനായി ഡൊണേഷന്‍ ഡോട്ട് `സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവി’ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്‍റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ക്ക് റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.
ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail. com എന്ന ഇമെയില്‍ ഐഡിയും സൃഷ്ടിച്ചിട്ടുണ്ട്.