സൗദിയിലെ മൃഗശാലയിൽ യുവാവിനെ കടുവ ആക്രമിച്ചു

പ്രതീകാത്മ ചിത്രം

റിയാദ്: സൗദിയിൽ മൃഗശാല സന്ദർനത്തിനെത്തിയ സുഡാൻ പൗരനെ കടുവ ആക്രമിച്ചു. തലസ്ഥാനമായ റിയാദിലെ മലസിലെ മൃഗശാലയിലായിരുന്നു സംഭവം. മൃഗശാല സന്ദർശിക്കാനെത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടുവയുടെ കൂട്ടിലേക്കെടുത്ത് ചാടുകയായിരുന്നു എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. സന്ദർകർക്ക് കാണാനുള്ള വേലി ചാടിക്കടന്ന് ബംഗാൾ കടുവകളുടെ കൂടിന്റെ അടിയിലേക്കിറങ്ങിയ ഇയാളെ കൂട്ടിലുണ്ടായിരുന്ന കടുവ ആക്രമിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ അധികൃതർ കടുവയെ മയക്കുവെടി വച്ചു വീഴ്ത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച‌ു. ശരീമാസകലം പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. അതേസമയം കൂടിന് സമീപമെത്തിയപ്പോൾ തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് അകത്തേക്ക് വീണു പോവുകയായിരുന്നുവെന്നാണ് ആക്രമണത്തിനിരയായ സയ്യിദ് അബ്ദുൽ മൊഹ്സിൻ എന്ന യുവാവ് പറയുന്നത്.

ഏതായാലും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.