സൗദിയില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു

0
4

ജിദ്ദ: സൗദി അറേബ്യയിൽ രണ്ട് പേർക്ക് കൂടി കോവിഡ് 19 കൊറോണ സ്ഥിരീകരിച്ചു. സ്വദേശികളായ രണ്ട് വനിതകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നെത്തിയ വനിതകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിലൊരാൾ ബഹ്റൈന്‍ വഴിയും മറ്റെയാൾ യുഎഇ വഴിയുമാണ് സൗദിയിലെത്തിയത്.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവളങ്ങളിലടക്കം കർശന സുരക്ഷാ പരിശോധനകളുണ്ട്. കൊറോണ ബാധിത മേഖലകളിൽ നിന്നാണ് എത്തിയതെന്ന് ഈ സ്ത്രീകൾ പ്രവേശന കവാടത്തിൽ അറിയിച്ചിരുന്നില്ലെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ചെക്ക് പോസ്റ്റിൽ വച്ച് ഇവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇരുവരെയും ഐസോലേറ്റ് ചെയ്തു.

രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാവരും തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.