ലോക രക്തദാതാക്കളുടെ ദിനത്തിൽ പ്രവാസി രക്തദാതാക്കളെ ആദരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

0
5

കുവൈത്ത് സിറ്റി: ജൂൺ 14 ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യാ എംബസി പ്രത്യേകപരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ നെറ്റ്‌വർക്കിന്റെ (ഐസി‌എൻ) ബാനറിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഓരോ രക്തദാതാക്കളെയും അഭിനന്ദിച്ചു.സൂക്ഷ്മതലത്തിൽ ഒരോ ജീവൻ രക്ഷിക്കുന്നതിലും എന്നാൽ വിശാല തലത്തിൽ ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് രക്ത ദാതാക്കൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിൽ പത്തിലധികം തവണ രക്തദാനം നടത്തിയ വ്യക്തികൾക്കുള്ള പ്രശസ്തിപത്രവും അംബാസഡർ കൈമാറി. കുവൈത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കോവിഡ് -19 പാൻഡെമിക് സമയത്ത് ഇന്ത്യൻ സമൂഹത്തിന് നൽകിയ പരിചരണത്തിനും പിന്തുണയ്ക്കും അംബാസഡർ കുവൈത്ത് നേതൃത്വത്തിന് നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഇന്ത്യൻ ഡോക്ടർമാർ, നഴ്‌സുമാർ, ശാസ്ത്രജ്ഞർ, മെഡിക്കൽ പ്രൊഫഷണലുകൾ എന്നിവരുടെ അചഞ്ചലമായ മനോഭാവത്തിന് അദ്ദേഹം പിന്തുണ നൽകി.

കുവൈത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അഡ്മിനിസ്ട്രേഷൻ സർവീസസ് ഡയറക്ടർ ഡോ. ഹനൻ അൽ അവാദി ചടങ്ങിലേക്കായി വീഡിയോ സന്ദേശം അയച്ചിരുന്നു. കുവൈത്തിലെ ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹമ്മദ്, ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഉള്ള സബാ മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോ. സദാഫ് ആലം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
എംബസിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തത്സമയം സംപ്രേഷണം ചെയ്ത പരിപാടിയിൽ നിരവധി പ്രവാസികൾ ഓൺലൈനായി പങ്കെടുത്തു.