200 ൽ അധികം ഇന്ത്യൻ സംഘടനകളുടെ അംഗീകാരം നിർത്തലാക്കിയ  കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ  നടപടിക്കെതിരെ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

0
7
 
കുവൈത്തിൽ സജീവമായി പ്രവർത്തിക്കുന്ന 200 ൽ അധികം ഇന്ത്യൻ സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയ ഇന്ത്യൻ എംബസ്സിയുടെ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ ജോസ്  അബ്രഹാം മുഖേന സമർപ്പിച്ച ഹർജ്ജിയിൽ വിശദീകരണം തേടി ഡൽഹി  ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു .
കഴിഞ്ഞ വർഷം വരെ ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ സാമൂഹിക, സാംസ്കാരിക, പ്രാദേശിക രംഗങ്ങളിൽ 275 ഇന്ത്യൻ സംഘടനകളാണ് കുവൈത്തിൽ  പ്രവർത്തിച്ചു വന്നിരുന്നത്.  ഇവർക്കെല്ലാം മൂന്ന് വർഷത്തേക്ക് ഇന്ത്യൻ എംബസ്സിയുടട അംഗീകാരത്തോടെ കുവൈറ്റിൽ  പ്രവർത്തിക്കാനുള്ള  ലൈസൻസ് നിലനിൽക്കവെയാണ് പുതിയതായി ചുമതല ഏറ്റെടുത്ത ഇന്ത്യൻ അബാസഡർ ഏകപക്ഷിയമായി സംഘടനകളുടെ അംഗീകാരം ഇല്ലാതാക്കിയത്.
തുടർന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ രാഷ്ട്രപതിക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയമോ, കേന്ദ്ര സർക്കാരോ തയാറായില്ല.
 ഈ സാഹചര്യത്തിലാണ് അംഗീകാരം നിർത്തലാക്കി കൊണ്ട് ഏകപക്ഷിയമായി പ്രവർത്തിച്ച ഇന്ത്യൻ അബാസഡറുടെ നടപടിയിൽ ഓവർസീസ്  നാഷണലിസ്റ് കൾച്ചറൽ പീപ്പിൾ എന്ന സംഘടനയുടെ പ്രസിഡന്റ് ബാബു ഫ്രാൻസിസ്, ഡൽഹി ഹൈക്കോടതിയെ പ്രവാസിലീഗൽ സെൽ മുഖേന സമീപിച്ചത്.
വസ്തുതകൾ  പരിശോധിച്ച ഡൽഹി ഹൈക്കോടതി. നാലാഴ്ചക്കുളളിൽ വിശദീകരണം  ആവശ്യപ്പെട്ടു കൊണ്ട്
കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഹൈക്കോടതി ജസ്റ്റിസ് നവീൻചൗളയാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത് . വരുന്ന ഡിസംബർ 5 ന് ഹൈക്കാടതി വീണ്ടും ഹർജ്ജി പരിഗണിക്കും.