കുവൈറ്റ് സിറ്റി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട് ചെയ്ത മൂന്നാമത്തെ വിമാനം കുവൈത്തിൽ നിന്നും ഇന്ന് (24 /06/2020) വൈകുന്നേരം 4:45നു കൊച്ചിയിലേക്ക് പുറപ്പെട്ടു. ഗര്‍ഭിണികളായവർ, രോഗികൾ, പ്രായാധിക്യത്താൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ടവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ തുടങ്ങി മുൻഗണനാ ക്രമത്തിലുള്ള 322 പേരും 02 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 324 യാത്രക്കാരാണ് മൂന്നാമത്തെ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്. ഇതോടെ കല ചാർട്ട് ചെയ്‌ത മൂന്ന് വിമാനങ്ങളിലായി ഇതുവരെ 986 പേർ നാട്ടിലേക്ക് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കുവൈറ്റിൽ വെച്ച് മരണമടഞ്ഞ കോഴഞ്ചേരി സ്വദേശി പ്രകാശ് ജോർജ്ന്റെ (62 വയസ്സ്) മൃതശരീരം കലയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്നത്തെ ചാർട്ടേഡ് വിമാനത്തിൽ തികച്ചും സൗജന്യമായിട്ടാണ് നാട്ടിലേക്ക് കൊണ്ടുപോയത് . യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു. നിറഞ്ഞ സംതൃപ്തിയോടെയാണ് എല്ലാവരും യാത്രയായത്, ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ കല കുവൈറ്റ് നടത്തുന്ന ഇടപെടലുകൾ ഏറെ അഭിനന്ദനമർഹിക്കുന്നതാണെന്ന് യാത്രക്കാർ അഭിപ്രായപ്പെട്ടു. ചാർട്ടേഡ് വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച കുവൈറ്റ് എയർവേസ് അധികൃതർ , ഇന്ത്യൻ എംബസ്സി ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും നാലാം ഘട്ട യാത്രയ്ക്കുള്ള പ്രവർത്തനങ്ങൾ തുടരുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.