മോസ്‌കോ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പില്‍ ഗോള്‍ വേട്ട തുടരുന്നു. റോണോ നേടിയ ഏകഗോളില്‍ പോര്‍ച്ചുഗല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി. മൊറോക്കയ്ക്ക് എതിരെയാണ് പോര്‍ച്ചുഗല്‍ ആദ്യ വിജയം കുറിച്ചത്. മത്സത്തിന്‍റെ നാലാം മിനിട്ടിലായിരുന്നു റൊണാള്‍ഡോ മത്സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്. വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് പോര്‍ച്ചുഗലിന് നാല് പോയിന്റായി. നേരത്തെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചിരുന്നു.
ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ അതിന്റെ വീറും വാശിയും ആദ്യന്തം നിറഞ്ഞുനിന്നു. ആദ്യ മത്സരത്തിലെ പോലെ നാലാം മിനിട്ടില്‍ത്തന്നെ പോര്‍ച്ചുഗലിനും റൊണാള്‍ഡോയ്ക്കും അവസരം ലഭിച്ചു. കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ബോക്‌സിലേക്ക് വന്ന പന്ത് അല്‍പം പുറകിലായി നിന്നിരുന്ന റൊണാള്‍ഡോ മുന്നോട്ടാഞ്ഞ് തലവച്ച് വലയിലാക്കി. റൊണാള്‍ഡോയുടെ മികവ് മാത്രമായിരുന്നു ഗോളില്‍ കണ്ടത്.
ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. കളിയുടെ നിയന്ത്രണം മൊറോക്കോ എറ്റെടുത്തു. അതിന്റെ തുടര്‍ച്ചയായി നിരവധി അവസരങ്ങളും അവര്‍ക്ക് ലഭിച്ചു. എന്നാല്‍ ഒന്നും മുതലാക്കാനായില്ല. ഗോളെന്നുറച്ച മൂന്ന് അവസരങ്ങളെങ്കിലും മൊറോക്കൊ പാഴാക്കി.
മത്സരം മുറുകിയതോടെ ഫൗളുകളും കളം പിടിച്ചു. നിരവധി ഫൗളുകളാണ് ഇരുടീമുകളും നടത്തിയത്. ചില സമയങ്ങളില്‍ കളി പരുക്കനായി മാറി.
തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമാണ് മൊറോക്കോ. നേരത്തെ ആദ്യ മത്സരത്തില്‍ ഇറാനോടും മൊറോക്കോ തോറ്റിരുന്നു.