ന്യൂഡൽഹി:അഹമ്മദാബാദിൽ ദുരന്തത്തിൽപ്പെട്ട എയർഇന്ത്യ ബോയിങ് ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക്ബോക്‌സിൽനിന്നു നിർണായക വിവരങ്ങൾ കണ്ടെത്തി. വ്യോമയാന മന്ത്രാലയം, ഡൽഹിയിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ലാബിലാണ് കോക്ക്പിറ്റ് ശബ്ദരേഖയും ഫ്ലൈറ്റ് ഡേറ്റാ റെക്കൊർഡുകളും മുൻവശത്തെ ബ്ലാക്ക്ബോക്സസിൽനിന്നുള്ള ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂളും സുരക്ഷിതമായി വീണ്ടെടുത്തത്. ബുധനാഴ്‌ച മെമ്മറിയിൽനിന്നു ഫ്ലൈറ്റ് ഡേറ്റ വിജയകരമായി ഡൗൺലോഡ് ചെയ്തു.
എഎഐബി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘവും അമേരിക്കൻ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ചൊവ്വാഴ്‌ച മുതൽ പ്രക്രിയ ആരംഭിച്ചു. വിമാനം പതിച്ച കെട്ടിടത്തിൻ്റെ മേൽക്കൂരയിൽനിന്നും വിമാനാവശിഷ്ടങ്ങളിൽനിന്നുമാണ് രണ്ട് ബ്ലാക്ക്ബോക്സുകളും കണ്ടെത്തിയത്.
പൂർണമായും തകർന്ന ബോക്‌സുകളിൽനിന്നും വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല. പരിശോധനയ്ക്കായി വിദേശത്ത് അയക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കരിപ്പുർ വിമാനപകടത്തിൽ അമേരിക്കയിലാണ് ബ്ലാക്ക്ബോക്സ് പരിശോധന നടത്തിയത്.