കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്തിലെ എല്ലാ പ്രവാസി സംഘടന നേതാക്കളുമായും ഓൺലൈനിൽ സംവദിച്ചു. ഓരോ വ്യക്തിയുടെയും എംബസി സന്ദർശനം നല്ലൊരു അനുഭവമാക്കി മാറ്റാനും കോൺസുലർ സേവനങ്ങളും ക്ഷേമ നടപടികളും മെച്ചപ്പെടുത്തുന്നതിനുമായാണ് തന്റെ ശ്രമം എന്ന് അദ്ദേഹം പറഞ്ഞു.വിവിധ ഇന്ത്യൻ അസോസിയേഷനുകളിൽ നിന്നായി ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു.
സഹായവും പിന്തുണയും ആവശ്യമുള്ള ഏതൊരാളും ഞങ്ങളുടെ സഹോദരങ്ങളാണ്. അർഹരായ ഓരോ കേസുകളിലും ഉച്ചഭക്ഷണവും വിമാന ടിക്കറ്റും ഉൾപ്പെടെ എംബസിയിൽ അവർക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നും അംബാസഡർ പറഞ്ഞു.ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന ഗതാഗത നിരോധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതായും, ഇതിൽ കാര്യമായ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയ വിശദാംശങ്ങൾ പ്രവാസികളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.