കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർ പി. അഭിലാഷിന്റെ ജന്മദിനം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ആഘോഷിച്ചു. സ്റ്റേഷൻ പരിസരത്ത് കേക്ക് മുറിച്ചുവെച്ചുള്ള ഈ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥർക്ക് ഇൻസ്പെക്ടറെതിരെ റിപ്പോർട്ട് നൽകി.
കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും അടക്കമുള്ള നേതാക്കളും പ്രവർത്തകരും ചേർന്നാണ് ഈ ചടങ്ങ് ആഘോഷിച്ചത്.ജന്മദിനാഘോഷത്തിന്റെ വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഡിയോ റീൽസ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി സി ഫിജാസ് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ ഇൻസ്പെക്ടർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.