” ജാതി സെൻസസ് രാജ്യത്തെ വിഭജിക്കും; പിൻവാങ്ങണം” – എൻഎസ്എസ്

0
48

കോട്ടയം: ജാതി സെൻസസ് നടപ്പാക്കുന്നത് ജനങ്ങളെ വിഭജിക്കുന്നതാണെന്ന് എൻഎസ്എസ്. ഈ നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ എന്നിവർക്ക് സംഘടന നിവേദനം സമർപ്പിച്ചു. ജാതിയും മതവും അടിസ്ഥാനമാക്കി ജനങ്ങളെ വിഭജിക്കുന്ന ഒരു പ്രക്രിയയാണ് സെൻസസ് എന്ന് നിവേദനത്തിൽ എടുത്തുപറഞ്ഞു. ജാതി സെൻസസ് മതപരവും സാമുദായികവുമായ വിഭജനം സൃഷ്ടിക്കുമെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിനും ദേശീയതയ്ക്കും ഭീഷണിയാകുമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.

ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് ജാതി-മത വിഭജനത്തിന് വഴിവെക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ നിവേദനത്തിൽ എടുത്തുപറഞ്ഞു. 1931-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് മതാടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങളും വോട്ടർമാരും വിഭജിച്ചതുപോലെയാണ് ഈ നടപടി എന്ന് സംഘടന വിമർശിച്ചു.

ജാതിമതഭേദമില്ലാതെ എല്ലാവരെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്ന സമീപനമാണ് എൻഎസ്എസിന്റേതെന്നും നിവേദനത്തിൽ പറയുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ നേതൃത്വം നൽകിയ നവോത്ഥാന മുന്നേറ്റങ്ങളും നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രവും പ്രത്യേകം വിശദീകരിക്കുന്നു. എൻഎസ്എസിന്റെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ജാതിമത വ്യത്യാസമില്ലാതെ ജനങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.