ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഇന്ന് വാക്സിൻ മോക്ഡ്രിൽ

ഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണത്തിന്‍റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് നടക്കും. മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിനെതിരായ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് കോവിഷീൽഡിന് അനുമതി നൽകണമെന്ന് ഉന്നതധികാര സമിതി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു.ഇക്കാര്യം പരിഗണിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും

കോവിഡ് വാക്സിൻ വിതരണ സംവിധാനം, വിവരങ്ങൾ അപ്‍ലോഡ് ചെയ്യൽ, വാക്സിനുകൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ, വാക്സിൻ കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാനതല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോക്ഡ്രില്ലിൽ നടക്കുക. മോക്ഡ്രിൽ പൂർത്തിയാകുന്നതോടെ വാക്‌സിൻ വിതരണത്തിന് രാജ്യം ഒരുങ്ങും.

ഓസ്‌ഫർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച കോവി ഷീൽഡ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയിൽ ഉത്പാദനം നടത്തുന്നത്. സാധാരണ ഫ്രിഡ്ജിന്‍റെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാവുന്ന വാക്‌സിൻ ആണ് കോവിഷീൽഡ് എന്നത് ഇന്ത്യയെ സംബന്ധിച്ച് സംഭരിക്കാൻ എളുപ്പമാകും. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ചു വിലയും കുറവാണ്. ഇത് പരിഗണിച്ചാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ ശുപാർശ.