തിരഞ്ഞെടുപ്പ് ഫണ്ടിനായി നിർബന്ധിക്കില്ല , മനസ്സറിഞ്ഞ് നൽകണമെന്ന് സിപിഎം

0
22

തിരുവനന്തപുരം:തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടി ഫണ്ട് സ്വരൂപിക്കാൻ ബക്കറ്റ് പിരിവുമായി സിപിഎം ജനങ്ങൾക്കിടയിലേയ്ക്ക് . ജനുവരി 30 ന് കടകളിലും സ്ഥാപനങ്ങളിലും 31 ന് വീടുകൾ തോറും കയറി ഇറങ്ങി ഫണ്ട് പിരിക്കാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകളിൽ നിന്ന് നിർബന്ധിച്ച് ഫണ്ട് വാങ്ങില്ല. നൽകുന്ന തുക സ്വീകരിക്കുകയെന്നാണ് പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം. മുൻപ് ഫണ്ട് പിരിവ് എത്ര വേണമെന്ന് തീരുമാനിച്ച് ബ്രാഞ്ച് കമ്മറ്റിയെ അറിയിക്കുകയായിരുന്നു പതിവ്. എന്നാൽ ഇക്കുറി ആ സമീപനം സിപി എം മാറ്റി.

രസീതില്ലാതെ നടത്തുന്ന പിരിവിൽ ആദ്യം ഫണ്ട് നൽകേണ്ടത് പാർട്ടി പ്രവർത്തകരാണ്. പാർട്ടിപ്രവർത്തകർ ഫണ്ട് ഇട്ട ബക്കറ്റുമായിട്ടായിരിക്കണം ജനങ്ങളെ സമീപിക്കേണ്ടത്. 30, 31 ദിവസങ്ങളിൽ നടക്കുന്ന ഫണ്ട് പിരിവിന് ശേഷം, അടുത്ത മാസം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്തിമ രൂപം നൽകും. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കും കമ്മിറ്റി തുടക്കമിടും.