‘വഴിക്കടവ് അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, പിന്നിൽ ഗൂഢാലോചന സംഘമുണ്ട്’; എം.വി ഗോവിന്ദൻ

0
101

മലപ്പുറം:വഴിക്കടവിലെ അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പ്രദേശത്ത് സാധാരണയായി നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സംഭവം സംജാതമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന് ശേഷം ഉടൻ തന്നെ ഇത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്നും, ഇതിന് പിന്നിൽ ഒരു ഗൂഢാലോചനാ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഒരു സാധാരണ പ്രതിപക്ഷ പ്രതിഷേധമല്ല ഇതെന്നും, ഒരു ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിശദീകരിച്ചു. പന്നികളെ കൊല്ലുന്നതിനായി സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഇവിടെ സംഭവിച്ചത്. കെ.എസ്.ഇ.ബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇതിന് ഉത്തരവാദിയായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.

മലപ്പുറം വഴിക്കടവിൽ വെള്ളക്കെട്ടയിലെ പന്നിക്കെണിയിൽ നിന്ന് വിദ്യുതാഘാതത്തിനിരയായ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നമ്പ്യാടൻ വീട്ടിൽ വിജയൻ മകൻ വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗൂഢാലോചനയുടെ കാര്യങ്ങൾ ഉൾപ്പെടെ പോലീസ് സമഗ്രമായ അന്വേഷണം നടത്തുമെന്നും, പ്രതിയുടെ സി.ഡി.ആർ രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

അനന്തുവിന്റെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തും. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ വയറുൾപ്പടെ നിരവധി മുറിവ് കാണുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമാണ്.