കുവൈത്ത് : മുസ്‍ലിം ക്രൈസ്‌തവ ശത്രുതയുണ്ടാക്കാൻ ആഗോള തലത്തിൽ ശ്രമങ്ങൾ നടക്കുന്നതായി നിരണം ഭദ്രാസന മേത്രോപോലീത്ത യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ഡോക്ടർ ഗീവർഗീസ് മോർ കുറിലോസ് തിരുമേനി പറഞ്ഞു. വെളിച്ചമാണ് ഖുർആൻ എന്ന തലക്കെട്ടിൽ കെ.ഐ.ജി.കുവൈത്ത് നടത്തിവന്നിരുന്ന ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലും ഫാസിസ്റ്റ് വംശീയ ശക്തികൾ മുസ്‍ലിം ക്രൈസ്‌തവ വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞു സുഹൃദ് സമൃദ്ധമായ സാമൂഹ്യ ബന്ധം കാത്തുസൂക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം. വേദ ഗ്രന്ഥങ്ങളുടെ അഭിസംബോധിതർ മുഴുവൻ മനുഷ്യരുമാണ്. വേദ ഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുവാൻ എല്ലാവരും തയ്യാറാകണം.
ക്ഷേമ സമ്പൂർണ്ണമായ ഒരു നാഗരിക സമൂഹമാണ് ഖുർആൻ വിഭാവനം ചെയ്യുന്നതെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബ് റഹ്മാൻ സാഹിബ് പറഞ്ഞു. മനുഷ്യ ജീവിതത്തിന് നേരെ തിരിച്ചുപിടിച്ച കണ്ണാടിയാണ് യഥാർത്ഥത്തിൽ വിശുദ്ധ ഖുർആൻ. ആരാധനകളുടെ പൂർണമായ രൂപം പറഞ്ഞിട്ടില്ലാത്ത ഖുർആൻ സമൂഹത്തിലെ ദാരിദ്ര നിർമ്മാർജ്ജനത്തെക്കുറിച്ചും മനുഷ്യരോടുള്ള പെരുമാറ്റ മര്യാദകളെ കുറിച്ചും പറയുന്നതായി കാണാൻ കഴിയും. വംശീയത ഇന്ത്യയിലും ലോകത്താകമാനവും ശക്തി പ്രാപിക്കുന്നു. അധികാരം നിലനിർത്തുവാനുള്ള ഏറ്റവും നല്ല ഉപകരണമായി ഭരണകൂടം അഭയം പ്രാപിച്ചിരിക്കുന്നത് വംശീയതയിലാണ്. എന്നാൽ ഖുർആനിക അധ്യാപനങ്ങൾ മുഴുവൻ വംശീയതയെ നിരാകരിക്കുന്നതാണ്.
അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കെ ഐ ജി പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷതവഹിച്ചു. റയ്യാൻ ഖലീൽ ഖുർആൻ പാരായണം നടത്തി. ക്വിസ് മത്സരം ഫൈസൽ മഞ്ചേരിയും ഉപസംഹാരം അൻവർ സഈദും നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കൺവീനർ നിയാസ് ഇസ്‌ലാഹി നന്ദിയും പറഞ്ഞു.






























