തിരുവനന്തപുരം: അനധികൃത വൈദ്യുതവേലി കണ്ടെത്താൻ പരിശോധന കർശനമാക്കാൻ കെഎസ്‌ഇബിക്ക് നിർദേശം നൽകി.ഇവ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കും തൊട്ടടുത്തുള്ള സെക്ഷൻ ഓഫീസിലും വിവരം കൈമാറണമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ലൈസൻസ് ഉള്ളവരും പ്രവൃത്തി പരിചയമുള്ളവരും നിർമിക്കുന്ന വൈദ്യുത വേലിയിൽ ‘ഇലക്ട്രിക് ഫെൻസ് എനർജൈസർ’ സ്ഥാപിക്കണം.
ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയോടു കൂടി പ്രവർത്തിക്കാവൂ. കെഎസ്ഇബി കണക്‌ഷനുകളിൽ നിന്നാണ് ബാറ്ററി ചാർജർ പ്രവർത്തിപ്പിക്കുന്നതെങ്കിൽ സെക്ഷൻ ഓഫിസിൽനിന്ന് അനുമതി വാങ്ങണം. മൃഗങ്ങൾ കുടുങ്ങാത്തവിധം ശാസ്ത്രീയമായി നിർമിച്ച വേലിയിൽ മുന്നറിയിപ്പ് ബോർഡുണ്ടാകണം. കെഎസ്ഇബിയുടെ കണക്‌ഷനുകളിലെ ഉയർന്ന ശേഷിയുള്ള വൈദ്യുതി നേരിട്ടു വൈദ്യുതി വേലികളിലേക്കും മൃഗങ്ങളെ വേട്ടയാടുന്നതിനും മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്നത് അപകടകരവും ഗുരുതര നിയമലംഘനവുമാണെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങൾ കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലോ ആന്റ്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ വിളിച്ച് അറിയിക്കാം. 9496010101.