കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽനിന്ന് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ പ്രതികളുമായി കൂട്ടു ചേർന്ന രണ്ടു യുവതികൾക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കുമെന്നു പൊലീസ് പറഞ്ഞു. ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. ഇതിനായി നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബത്തേരി സ്വദേശി നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു ഡിസിപി അരുൺ കെ പവിത്രൻപറഞ്ഞു. കൊലപാതകമാണെന്നു പൊലീസ് സംശയിച്ചതോടെ രണ്ടു മാസം മുൻപ് സൗദിയിലേക്ക് മുങ്ങിയ നൗഷാദിനെ ഉടൻ കോഴിക്കോട് എത്തിക്കുമെന്നു ഡിസിപി പറഞ്ഞു.ബത്തേരി കൈവട്ടമൂലയിലെ വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് 2 വർഷത്തോളം ഈ വീട് കൈവശം വച്ചിരുന്നു. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വിട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.































