കോവിഡ് വാക്സിനേഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ സമ്മതപത്രം നൽകണം

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത് . കോവിഡ് വാക്സിന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന കോവിഡ് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ്വര്‍ക്ക് ആപ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഡല്‍ഹി എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു.

വാക്സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. വാക്സിൻ എടുത്താലും കോവിഡിനെതിരായ പോരാട്ടം തുടരണമെന്നും ആരും മാസ്‌ക്‌ മാറ്റരുതെന്നും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

3,006 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്ക് കുത്തിവയ്ക്കും. ആദ്യഘട്ടത്തിനായി സംഭരിച്ച 1.65 കോടി വാക്സിന്‍ ഡോസാണ് സംസ്ഥാനങ്ങളിലെത്തിച്ചിരുന്നു

അതേസമയം ഭാരത് ബയോടെകിന്റെ കോവാക്സിൻ സ്വീകരിക്കുന്നവർ കുത്തിവയ്പ്പ്‌ എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് ഭാരത് ബയോടെക് പറയുന്നത്. വാക്സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു.