ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം; മാധ്യമ എഡിറ്റർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

0
30

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പത്ര – ദൃശ്യ മാധ്യമ എഡിറ്റർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ കാരണം ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ മലയാളി സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും മലയാളിയെ അത്രമേല്‍ ബാധിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കേരളത്തിലും പ്രവാസി സമൂഹത്തില്‍ ആകെയും ഉടലെടുത്ത ആശങ്കകള്‍. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിൽ ഉയർന്നുവന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യോഗം വിളിച്ചത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികേരളീയരുടേയും നാട്ടിലുള്ള കുടുംബാംഗങ്ങളുടെയും ആശങ്കകളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും ശ്രദ്ധാപൂർവവും നൽകണമെന്നും മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്കു പ്രധാന പങ്കുണ്ട്. അതിനാൽ പ്രതിസന്ധിയെ സംബന്ധിച്ച വാര്‍ത്തകളുടെ ഉറവിടം പരിശോധിച്ച് ജനങ്ങളില്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കാത്ത തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. പ്രവാസികളുടെ സുരക്ഷയെ മുൻനിർത്തി അവരുടെ വ്യക്തിഗത വിവരങ്ങൾ, ജോലി സ്ഥലം, വിലാസം തുടങ്ങിയവ അവശ്യ സന്ദർഭങ്ങളിൽ അല്ലാതെ പുറത്തുവിടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.