കരുത്തരായ മുംബൈയെ അടിച്ച് പറത്തിയതിന് അസ്ഹറുദ്ദീന് പ്രതിഫലം പ്രഖ്യാപിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷൻ.

മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ മുംബൈയെയാണ് കീഴടക്കിയത്. അതിന് കരുത്ത് പകർന്നത് കാസർഗോഡ്കാരൻ മുഹമ്മദ് അസ്ഹറുദ്ദിന്റെ തകർപ്പൻ സെ ഞ്ചിറിയും. മുംബൈ മുന്നോട്ട് വെച്ച 197 റൺസെന്ന വിജയ ലക്ഷ്യം നേടാനായി , കേരളത്തിന് വേണ്ടി ഓപ്പൺ ചെയ്ത അസ്ഹറുദ്ദീൻ 54 പന്തിൽ 9 ഫോറും 11 സിക്സും സഹിതം 137 റൺസ് നേടി. ടി 20 യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ മൂന്നാമത്തെ സെഞ്ചുറി യെന്ന നേട്ടവും അസഹറുദ്ദീൻ സ്വന്തമാക്കി. 37 പന്തിലായിരുന്നു അസഹറുദ്ദീന്റെ സെഞ്ചുറി നേട്ടം. ഈ തകർപ്പൻ പ്രകടനത്തിനാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പാരിതോഷികം പ്രഖ്യാപിച്ചത്. അസഹറുദീന്റെ ഗംഭീര പ്രകടനത്തിന് 1.37 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കെ സി എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായർ അറിയിച്ചു.

കാസർഗോട് തളങ്കര സ്വദേശിയാണ് മുഹമ്മദ് അസ്ഹറുദീൻ. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദീനോടുളള ആരാധന മൂത്താണ് മൂത്ത സഹോദരൻ ഏറ്റവും ഇളയ സഹോദരന് ആ പേര് നൽകിയത്. 2013 ൽ കേരളത്തിന്റെ അണ്ടർ 19 ടീംമിൽ ഇടം പിടിച്ചു. തമിഴ് നാടുമായുളള ആദ്യ മത്സരത്തിൽ ആദ്യ പന്തിൽ സിക്സർ അടിച്ച് കൊണ്ട് തുടക്കം. തുടർന്ന് 2015 ൽ അണ്ടർ 23 ലേയ്ക്കും സീനിയർ ടീമിലേയ്ക്കും തിരഞ്ഞെടുത്തു. തുടർന്ന് കേരളത്തിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമായി അസ്ഹറുദീൻ .വിക്കറ്റ് കീപ്പർ ബാസ്റ്റ്മാനായ അസ്ഹറുദ്ദീൻ ആറാം തവണയാണ് മുഷ്താഖ് അലി ടൂർണമെന്റിൽ കളിക്കുന്ന കേരള ക്രിക്കറ്റ് ടീം മിൽ ഇടം നേടിയത്.