കുവൈറ്റ് സിറ്റി: ഏപ്രിൽ 23 നു നടക്കുന്ന പതിനേഴാമത് ലോകസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട്, മാവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ, കാസർഗോഡ് എന്നീ മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിച്ചു. അബു ഹലീഫ കല സെന്ററിൽ വെച്ച് നടന്ന കോഴിക്കോട് മണ്ഡലം കൺവെൻഷൻ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എംപി മുസ്‌ഫർ ക്ൺവീനറായും ഷെരീഫ് താമരശേരി ചെയർമാനുമായുള്ള 25 അംഗ കോഴിക്കോട് മണ്ഡലം കമ്മിറ്റിയെ ക്ൺവെൻഷൻ തിരഞ്ഞെടുത്തു. അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ ലോക കേരള സഭാംഗം സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു.
കൺവെൻഷൻ മൈക്കിൾ ജോൺസൺ കൺവീനറായും, ഷാഹിൻ ചിറയിൻകീഴ് ചെയർമാനുമായുള്ള 25 അംഗ മണ്ഡലം കമ്മിറ്റിക്ക് രൂപം നൽകി. അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന മാവേലിക്കര മണ്ഡലം കൺവെൻഷൻ മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കോഡിനേറ്റര്‍ ജെ സജി ഉദ്ഘാടനം ചെയ്തു.
സാം പൈനുംമൂട് കൺവീനറായും രാജീവ് ജോൺ ചെയർമാനുമായുള്ള 25 അംഗ മണ്ഡലം കമ്മിറ്റിയെ ക്ൺവെൻഷൻ തിരഞ്ഞെടുത്തു. അബ്ബാസിയ കല സെന്ററിൽ വെച്ച് സംഘടിപ്പിച്ച കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഐഎംസിസിയുടെ ജിസിസി ചെയര്‍മാന്‍ സത്താർ കുന്നിൽ ഉദ്‌ഘാടനം ചെയ്തു.
കൺവെൻഷൻ നവീൻ എളയാവൂർ കൺവീനറായും ബിജു ആന്റണി ചെയർമാനുമായി 25 അംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. അബ്ബാസിയ കല സെന്ററിൽ വെച്ചു നടന്ന കാസർഗോഡ് പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ ജയൻ ടിവി കൺവീനറായും ഷെരിഫ് കൊളവയൽ ചെയർമാനുമായി 25 അംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കൺവെൻഷനുകളിൽ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. കേരള അസോസിയേഷൻ, ജനത കൾച്ചുറൽ അസോസിയേഷൻ, ഐഎംസിസി എന്നീ സംഘടനകളുടെ പ്രതിനിധികളും വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചരണ പരിപാടികൾ നടന്നു വരുന്നു.