കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി സാമൂഹ്യ പ്രവർത്തകരേയും സൈക്കോളജിസ്റ്റുകളെയും പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണമെന്ന നിർദ്ദേശം വേഗം നടപ്പിലാക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ. വിദ്യാഭ്യാസ മന്ത്രാലയത്തിനാണ് കമ്മീഷൻ ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. നിലവിൽ കുവൈത്ത് സ്വദേശികളും ബൈദൂനുകളും ഉൾപ്പെടെ 92 ഉദ്യോഗാർത്ഥികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അഭിമുഖം അടക്കുള്ള നിയന നടപടികൾ പൂർത്തിയായതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു എന്നാൽ അകാരണമായി നിയമനം വൈകുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്പെഷ്യലൈസ് ഡിഗ്രിയുടെ കുറവ് പരിഹരിക്കുന്നതിനായി 110 കുവൈത്ത് വംശജരായി സൈക്കോളജി ബിരുദധാരികളെ നിയമിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രസ്തുത തസ്തികളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ സിവിൽ സർവീസ് കമ്മീഷൻ നേരത്തെയും ശ്രമിച്ചിരുന്നു. എന്നാൽ കുവൈത്ത് സ്വദേശികളായ ഉദ്യോഗാർഥികളുടെ അഭാവംമൂലം പ്രവാസി സാമൂഹ്യ പ്രവർത്തകരെ തുടരാൻ അനുവദിക്കുകയായിരുന്നു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ഇവരെ വീണ്ടും മാറ്റി പകരം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവാണ് സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ നൽകിയ റിപ്പോർട്ട് അനുസരിച്ച് 13l പേർക്ക് ഇതോടെ തൊഴിൽ നഷ്ടം സംഭവിക്കും
വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലിചെയ്യുന്ന പ്രവാസികളുടെ മാറ്റി പുതിയ നിയമനം നടത്തുന്നതിനായി ലിസ്റ്റ് തയ്യാറാക്കാൻ സിവിൽ സർവീസ് കമ്മീഷൻ മന്ത്രാലയത്തിന് നേരത്തേ നിർദേശം നൽകിയിരുന്നു. മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന ഏതാനും അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരുടെയും സേവനമാണ് അവസാനിപ്പിക്കുക. മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളോട് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ മിനിസ്ട്രി ആവശ്യപ്പെട്ടിരുന്നു.