കുവൈത്തിൽ കോവിഡ് വാക്സിനേഷൻ മന്ദഗതിയിൽ

കുവൈത്ത് സിറ്റി : കോവിഡ് പ്രതിരോധത്തിനായി ലോകംമുഴുവൻ സമ്പൂർണ്ണ ശേഷിയിൽ ജനങ്ങൾക്ക്വ വാക്സിനേഷൻ നടത്തുമ്പോൾ കുവൈത്ത് ചിത്രത്തിൽ തന്നെ ഇല്ല. കഴിഞ്ഞ ഡിസംബർ 24ന് രാജ്യത്ത് കുത്തിവെപ്പ് ആരംഭിച്ചെങ്കിലും, 4.8 ദശലക്ഷം വരുന്ന ആകെ ജനസംഖ്യയിൽ 12,000 ത്തോളം പേർക്ക് മാത്രമാണ് ഇതുവരെ കുത്തിവയ്പ് നൽകിയിട്ടുള്ളത്, ആഗോള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്
ഒന്നുമല്ല.

10 രാജ്യങ്ങളിലെ വാക്സിനേഷൻ നിരക്ക് അൽ ഖബാസ് ദിനപത്രം നൽകിയതിൽ കുവൈത്ത് പട്ടികയ്ക്ക് പുറത്താണ്. ഒൻപത് ദശലക്ഷം ജനസംഖ്യയിൽ 21 ശതമാനത്തിന് വാക്സിനേഷൻ നൽകി ഇസ്രായേൽ ഒന്നാം സ്ഥാനത്തും, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 11 ശതമാനവുമായി രണ്ടാം സ്ഥാനത്തുമാണ്. ബഹ്‌റൈൻ അഞ്ച് ശതമാനത്തിലധികവും അമേരിക്ക രണ്ട് ശതമാനവും ഡെൻമാർക്ക് 1.98 ശതമാനവും വാക്സിനേഷൻ ഇതുവരെ നൽകിക്കഴിഞ്ഞു.

വിദേശത്ത് നിന്ന് വാക്സിനുകൾ സ്വീകരിക്കുന്നതിലും അവ മുൻ‌ഗണനാ വിഭാഗങ്ങളിൽ എത്തിക്കുന്നതിലും വേഗത കുറഞ്ഞതായി ആരോഗ്യമേഖല വൃത്തങ്ങൾ വിമർശിച്ചു. വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നതിൽ കുവൈത്തിന്റെ വലിയ സാമ്പത്തിക ശേഷിയും ആരോഗ്യ അധികാരികൾക്ക് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് നൽകുന്ന ശക്തമായ പിന്തുണയും ഉണ്ടായിരുന്നിട്ടും, യഥാർത്ഥ സാഹചര്യം മറ്റൊന്നാണ്. ഇത് പകർച്ചവ്യാധിയുടെ വ്യാപനത്തിന്റെയും പരിവർത്തനത്തിന്റെയും വേഗതയുമായി തികച്ചും പൊരുത്തപ്പെടുന്നില്ലെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.