ലുലു ഹൈപ്പർമാർക്കറ്റിൽ “മാംഗോ മാനിയ 2026” ആഘോഷത്തിന് തുടക്കം

0
36

കുവൈത്ത് സിറ്റി : കുവൈത്തിലെ ഉപഭോക്താക്കൾക്കായി മാമ്പഴങ്ങളുടെ വൈവിധ്യവും രുചിയും ആഘോഷമാക്കി ലുലു ഹൈപ്പർമാർക്കറ്റ് “മാംഗോ മാനിയ 2026” സീസണൽ പ്രമോഷൻ ഔദ്യോഗികമായി ആരംഭിച്ചു. അൽ-റൈ ഔട്ട്‌ലെറ്റിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി മുഖ്യാതിഥിയായി പങ്കെടുത്തു. ലുലു ഹൈപ്പർമാർക്കറ്റിന്റെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും കുവൈത്തിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രമോഷന്റെ ഭാഗമായി ലുലുവിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും മാമ്പഴങ്ങൾക്ക് പ്രത്യേക ഓഫറുകളും ആകർഷകമായ വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള സീസണൽ ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ച 70-ലധികം മാമ്പഴ ഇനങ്ങളാണ് “മാംഗോ മാനിയ2026” യിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അൽഫോൺസോ, ബദാമി, മല്ലിക, തോട്ടാപുരി, രാജാപുരി, കേസർ, മാൾഗോവ, ഇമാം പസന്ത് എന്നിവയ്‌ക്കൊപ്പം യെമൻ ഗൽപത്തൂർ പോലുള്ള അപൂർവ ഇനങ്ങളും ഉപഭോക്താക്കൾക്ക് പരിചയപ്പെടാനാകും.

ഇന്ത്യൻ മാമ്പഴ ഇനങ്ങൾക്കായി പ്രത്യേക വിഭാഗവും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. സമൃദ്ധമായ രുചി, നിറം, സുഗന്ധം, ഗുണമേന്മ എന്നിവ കൊണ്ട് പ്രശസ്തമായ ഇന്ത്യൻ മാമ്പഴങ്ങൾ ഉപഭോക്താക്കൾക്ക് തനത് സീസണൽ അനുഭവം സമ്മാനിക്കുന്നതായി സംഘാടകർ വ്യക്തമാക്കി. പുതിയ മാമ്പഴങ്ങൾക്കൊപ്പം മാമ്പഴ ജ്യൂസുകൾ, സ്മൂത്തികൾ, ഹൽവ, പായസം, സലാഡുകൾ, കറികൾ, അച്ചാറുകൾ തുടങ്ങിയ വിഭവങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. മാങ്ങ മൂസ് കേക്ക്, ട്രൈഫിൾ, ടാർട്ട്, പേസ്ട്രി, മഫിൻ, മാങ്ങ സ്വിസ് റോൾ തുടങ്ങിയ ഡെസേർട്ടുകളും ഒരുക്കിയിട്ടുണ്ട്.

മാമ്പഴത്തെ ആസ്പദമാക്കിയ അലങ്കാരങ്ങൾ, സെൽഫി ബൂത്തുകൾ, പ്രത്യേക ഡിസ്പ്ലേകൾ എന്നിവയും പരിപാടിയുടെ ആകർഷണങ്ങളായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കായി “മാങ്ങ കേക്ക് ഡെക്കറേഷൻ മത്സരം” ഉൾപ്പെടെയുള്ള ഇന്ററാക്ടീവ് പരിപാടികളും സംഘടിപ്പിച്ചു. വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങൾ, രുചിവൈഭവം, കുടുംബസൗഹൃദ പ്രവർത്തനങ്ങൾ എന്നിവയുമായി “ഫലങ്ങളുടെ രാജാവ്” എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ ആഘോഷമായി “മാംഗോ മാനിയ 2026” കുവൈത്തിലെ ഷോപ്പർമാർക്ക് വ്യത്യസ്ത അനുഭവമൊരുക്കുമെന്ന് ലുലു ഹൈപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു.