എഴുത്തുകാരി സുധ എസ് നന്ദൻ്റെ പുതിയ നോവൽ ‘പ്രണയരാക്ഷസം’ പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ പ്രകാശനം ചെയ്തു. തൊണ്ണൂറ്റി നാലാം വയസ്സിലും വായന കൈവിടാതെ മുന്നോട്ടു പോകുന്ന കരിവെള്ളൂർ തെക്കേ മണക്കാട്ടെ കെ.എം.ലക്ഷ്മി അമ്മ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. ഡോ.കെ.വി.സജീവൻ പുസ്തക പരിചയം നടത്തി, ഏവൺ ക്ലബ്ബ് സെക്രട്ടറി പി.സി. ജയസൂര്യൻ, സജിഷ എ.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ആരാണ് ലക്ഷ്‌മി അമ്മ : അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്ന കഥാപാത്രം. ആറാം തരം മാത്രമേ കരിവെള്ളൂർ തെക്കേ മണക്കാട്ട് താമസിക്കുന്ന ലക്ഷ്മി അമ്മയ്ക്ക് സ്കൂൾ വിദ്യാഭ്യാസമുള്ളൂ.. ആയിരക്കണക്കിന് പുസ്തകങ്ങൾ കണ്ണട വെക്കാതെ വായിച്ചു തീർത്തിട്ടുണ്ട്.ഇന്നും വായിക്കാൻ കണ്ണട വേണ്ട. ഇരുപത്തഞ്ചായിരം പുസ്തക ശേഖരമുള്ള തൊട്ടടുത്തുള്ള എവൺ ലൈബ്രറിയിലെ മെമ്പർമാർക്ക് ഒരു തവണ രണ്ട് പുസ്തകങ്ങളെ കൊടക്കുകയുള്ളു എന്നാൽ ലക്ഷ്മി അമ്മയ്ക്ക് അത് പത്താണ്… പത്തും പെട്ടെന്ന് തീർത്താലേ മനസ്സിന് സമാധാനം കിട്ടൂ..
ഇവരുടെ പൂർവ്വികർ ആന്ധ്രയിൽ നിന്നും വന്ന പരദേശി വിഭാഗത്തിൽപ്പെട്ടവരാണ് തലമുറ വഴി പകർന്നു കിട്ടിയ ചില തെലുങ്ക് വാക്കുകൾ ഇപ്പോഴും കൂടെയുണ്ട്. ഗോവയിൽ നിന്നും വന്ന കൊങ്കിണിമാരോടും, തഞ്ചാവൂരിൽ നിന്നും വന്ന ചെട്ടിമാരോടൊപ്പം കരിവെള്ളൂരിലെ കുന്നിൻ ചരിവിൽ ചിറക്കൽ തമ്പുരാൻ കുടിയിരുത്തിയതായിരുന്നു ഇവരെ..
വായന മാത്രമല്ല, എഴുത്തുകാരെ കുറിച്ചും നന്നായി സംസാരിക്കും കവിതകളും.. ഡിക്റ്ററ്റീവ് നോവലുകൾ കൂടി ഇഷ്ടപ്പെടുന്ന ലക്ഷ്മി അമ്മ. ഈ പ്രായത്തിൽ വായന എല്ലാംമറക്കാനാണ്.നാല് മക്കളിൽ രണ്ട് പേര് പോയി. ആ ദുഃഖം ഞാൻ ഒളിപ്പിച്ചു വെക്കുന്നത് ഈ പുസ്തകങ്ങളുടെ ഉള്ളിലാണ്. ലക്ഷ്മി അമ്മ സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു.
അടുത്തറിയുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന എത്ര കഥാപാത്രങ്ങളാണ് നമുക്ക് ചുറ്റും.. പുറം ചട്ടയുടെ തിളക്കത്തിൽ മയങ്ങി പുസ്തകത്തിന്റെ ഉള്ളിലെ വിരസതയിൽ കുടുങ്ങി വായന മടുത്തു പോയവരെ ആ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരാൻ ലക്ഷ്മി അമ്മയെ പോലുള്ളവരെ ഒന്ന് കണ്ടാൽ മാത്രം മതിയാകും.































