കുവൈത്ത് സിറ്റി: ഓക്സ്ഫോർഡിൻ്റെ അസ്ട്രാസെനെക്ക വാക്സിൻ വൈകാതെതന്നെ കുവൈത്തിൽ എത്തിയേക്കുമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുകയാണെന്ന് ആരോഗ്യ വൃത്തങ്ങൾ നൽകുന്ന സൂചന. അംഗീകാരം ലഭിച്ച് കഴിഞ്ഞാൽ വിവിധ ബാച്ചുകളിലായി 3 ദശലക്ഷം ഡോസ് മരുന്ന് കുവൈത്തിൽ എത്തും.
കുവൈത്തിൽ രണ്ടാഴ്ചയിലേറെയായി ഫൈസർ-ബയോടെക് മരുന്നകളുടെ കുത്തിവെപ്പ് തുടങ്ങിയിട്ട്. എന്നാൽ ഒരു വിഭാഗം ജനങ്ങൾ ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ എത്തിയതിനുശേഷം കുത്തിവെപ്പ് എടുക്കാൻ കാത്തിരിക്കുകയാണെന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ, ലഭ്യമായ വാക്സിൻ എടുക്കാനാണ് വിദഗ്ധർ ആളുകളെ ഉപദേശിക്കുന്നതെന്നും വാക്സിനുകൾക്കിടയിൽ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കില്ലെന്നും ആരോഗ്യ വൃത്തങ്ങൾ അൽ റായിയോട് പറഞ്ഞു.