PAM ഓട്ടോമാറ്റഡ് സർവീസിന് ഫീസ് ഈടാക്കുന്നത് പരിഗണനയിൽ, ചർച്ചകൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി

കുവൈത്ത് സിറ്റി: മാനവവിഭവശേഷി മന്ത്രാലയം നൽകിവരുന്ന ഓട്ടോമാറ്റഡ് സർവീസ് ഉപയോഗപ്പെടുത്തുന്നതിന് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഏപ്രിൽ മുതൽ അതോറിറ്റിയുടെ അസ്ഹൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് നിശ്ചിത തുക ഈടാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി അതോറിറ്റിയിലെ ഇൻഫോ സിസ്റ്റംസ് വിഭാഗം ഡയറക്ടർ എൻജി.റബാബ് അൽ ഒസൈമി പറഞ്ഞു. അടുത്ത ഏപ്രിൽ മുതൽ ഇ-സേവനങ്ങൾക്കായി എത്ര ഫീസ് ഈടാക്കുമെന്ന് മാനവവിഭവശേഷി മേഖല പഠിക്കുന്നുന്നതായി അദ്ദേഹം വെളിപ്പെടുത്തി . ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി അൽ-റിക്കയിൽ വച്ച് അതോറിറ്റി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു

ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ ആരംഭിച്ചതിനുശേഷം എല്ലാ പേപ്പർ ജോലികളും നിർത്തിവച്ചിരിക്കുന്നു. നിയമലംഘനങ്ങൾ സിസ്റ്റം തൊഴിലുടമയെ നേരിട്ട് അറിയിക്കുകയും ചെയ്യും. നിലവിലെ സംവിധാനത്തിലും കൂടുതൽ എളുപ്പമായ ഓട്ടോമാറ്റഡ് സിസ്റ്റം അടുത്തയാഴ്ച പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റിയിലെ നീഡ്സ് അസസ്മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുസീദ് അൽ മുത്തൈരി പറഞ്ഞു.

ഏകീകൃത ഗൾഫ് ഗൈഡിനെ അടിസ്ഥാനമാക്കി പുതിയ തലക്കെട്ടുകളും തൊഴിലുകളും സ്വീകരിക്കുന്നതുമായി ചേർന്ന് 140 ഇലക്ട്രോണിക് സേവനങ്ങൾ ക്രമേണ നടപ്പാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ അധികൃതർ അറിയിച്ചു. ഇലക്ട്രോണിക് സേവനം അഞ്ചാം ഘട്ടത്തിലേക്ക് മാറുന്നതോടെ ഇതിൽ ലഭിക്കുന്ന സേവനങ്ങൾ തൊഴിൽ വകുപ്പുകളിൽ ലഭ്യമല്ലാതാക്കുമെന്നും അവർ പറഞ്ഞു.