പൗരത്വ നിയമഭേദഗതിക്കെതിരെ ഒറ്റക്കെട്ടാകണം: 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് പിണറായി വിജയൻ

0
7

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാർ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതിയെ എതിർക്കണമെന്നാവശ്യപ്പെട്ട് പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്ത്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്,പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കാണ് കത്ത്. പൗരത്വ നിയമ ഭേദഗതി തങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് ഇതിൽ പല മുഖ്യമന്ത്രിമാരും.

ഏറെ വിവാദം ഉയർത്തിയ ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവർത്തനം കേരളത്തിൽ നിർത്തി വച്ചുവെന്ന കാര്യം മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവരും ഇതേ പാത പിന്തുടണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യാക്കാരും യോജിച്ച് നിൽക്കേണ്ട ആവശ്യകത ഈ കാലഘട്ടത്തിലുണ്ടെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ളർ ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.