അടുത്തവർഷം കുവൈത്ത് ബേ മത്സ്യബന്ധനത്തിനായി തുറന്നു നൽകും

കുവൈത്ത് സിറ്റി: മത്സ്യബന്ധനത്തിനായി കുവൈത്ത് ബേ വീണ്ടും തുറക്കാൻ അനുവദിച്ചുകൊണ്ടുള്ള തീരുമാനം അടുത്ത വർഷം നടപ്പാക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ സാങ്കേതിക കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സൈദാൻ അറിയിച്ചു. തീരം അടച്ച് അഞ്ച് വർഷത്തിനു ശേഷമാണ് ഈ നടപടി. പാരിസ്ഥിതിക സമ്മർദവും മത്സ്യ സമ്പത്തിലെ കുറവും കാരണമായിരുന്നു മത്സ്യബന്ധന അനുമതി അവസാനിപ്പിച്ചത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും അതേസമയം മത്സ്യ ബന്ധനം ആഗ്രഹിക്കുന്നവർക്ക് അവരുടെ ഹോബി പരിശീലിക്കുന്നതിനും വഴി തുറക്കുന്നതിനായി കുവൈറ്റ് ബേ ഒരു സ്റ്റാൻഡേർഡ് രീതിയിൽ വീണ്ടും തുറക്കുമെന്ന് ഡോ. അൽ സൈദാൻ സ്ഥിരീകരിച്ചു.
EPA, PAAAFR, MOI എന്നിവയുടെ സഹകരണത്തോടെ സമുദ്രതീര സംരക്ഷണം, അതിക്രമവും വേട്ടയാടലും പരിമിതപ്പെടുത്തൽ തുടങ്ങി നിരവധി നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇത്. ഈ ഭാഗത്ത് വാണിജ്യ ബോട്ടുകൾക്ക് ലൈസൻസ് അനുവദിക്കുന്നതല്ല, മത്സ്യത്തൊഴിലാളിക്ക് സാധുവായ ഒരു ഫിഷിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, കൂടാതെ 21 വയസ്സിന് മുകളിലായിരിക്കണം, നിർദ്ദിഷ്ട സ്ഥലങ്ങളിലും സമയങ്ങളിലുമായിരിക്കും മത്സ്യബന്ധനം നടക്കുക, കൂടാതെ അധികൃതർക്ക് അനുയോജ്യമെന്ന് തോന്നുന്ന അത്രയും പേർക്കായിരിക്കും പ്രവേശനാനുമതി നൽകുക.