കൊച്ചി: ക്ഷേത്രപരിസരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തടയാൻ കർശന നടപടി കൈക്കൊള്ളണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ സംബന്ധത്തിൽ സർക്കാരിനും ദേവസ്വം ബോർഡുകൾക്കും കോടതി നോട്ടീസ് ഇറക്കി. കൊച്ചി നിവാസിയായ എൻ. പ്രകാശ് സമർപ്പിച്ച ഹർജിയിൽ, ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലില്ലാത്ത ക്ഷേത്രങ്ങളിലും മതസ്ഥാപന ദുരുപയോഗം തടയൽ നിയമം ബാധകമാക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വിഷയത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദ്ദേശിച്ചു.
ആറ്റിങ്ങൽ ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രത്തിൽ ഏപ്രിൽ 7-ന് ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം അവതരിപ്പിച്ചതും, ഏപ്രിൽ 11-ന് അലോഷി എന്ന ഗായകൻ വിപ്ലവഗാനങ്ങൾ പാടിയതും.കോഴിക്കോട് തളിക്ഷേത്രത്തിൽ ഏപ്രിൽ 27-ന് നടന്ന വിവാഹചടങ്ങിൽ എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതും ഹർജിയിൽ ചൂണ്ടിക്കാട്ടി.
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട് ഏപ്രിൽ 3-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളും മതപരമായ സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അനുവദിക്കരുതെന്നും, ലംഘനത്തിനെതിരെ ദേവസ്വം ബോർഡുകൾ കർശനമായ നടപടി കൈക്കൊള്ളണമെന്നും ഇടക്കാല ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നു. ദേവസ്വം കമ്മീഷണർ ഈ വിഷയത്തിൽ സർക്കുലർ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.