കർണാടക:കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആർസിബി വിജയാഘോഷത്തിനിടെ സംഭവിച്ച ദുരന്തത്തിൽ സർക്കാരിന് യാതൊരു പങ്കും ഇല്ലെന്ന നിലപാട് വീണ്ടും ഉറപ്പിച്ചു. അനുമോദന പരിപാടി സംഘടിപ്പിച്ചത് കെ.എസ്.സി.എ ആണെന്നും അവരുടെ ക്ഷണത്തിനെത്തുടർന്നാണ് സർക്കാർ പ്രതിനിധികൾ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
“കെ.എസ്.സി.എയുടെ സെക്രട്ടറിയും ട്രഷററും അനുമോദന പരിപാടിയിലേക്ക് ക്ഷണിച്ചു. ഇത് സർക്കാർ സംഘടിപ്പിച്ച ഒരു ചടങ്ങല്ല. അവർ സംഘടിപ്പിച്ച ഒരു ചടങ്ങാണ്, എന്നെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. ഗവർണർ അതിൽ പങ്കെടുക്കുമെന്ന് അവർ അറിയിച്ചിരുന്നു. അതിനാലാണ് പരിപാടിയിൽ പങ്കെടുത്തത്. അതല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയില്ല,” സിദ്ധരാമയ്യ പറഞ്ഞു.
ആർ.സി.ബി ഐ.പി.എൽ വിജയത്തിന് ശേഷം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) ബാംഗ്ലൂരിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിനിടെ സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിരക്കിൽ 11 പേർ മരണപ്പെട്ടു, 47 പേർക്ക് പരിക്കുകൾ സംഭവിച്ചു.