യാത്രക്കാർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തൽക്കാലം നൽകേണ്ട.

കുവൈത്ത് സിറ്റി : യാത്രക്കാർ കോവിഡ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റ് മെഡിറ്റനേറിയൻ ഡയറക്ടർ ഡോ. അഹമ്മദ് അൽ- മന്ദാരിയാണ് ഇക്കാര്യം അറിയിച്ചത്. ജനിതക മാറ്റം വന്ന കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചേർന്ന കോവിഡിനെ കുറിച്ചുള്ള അടിയന്തര കമ്മിറ്റിയാണ് അന്താരാഷ്ട്ര യാത്രക്കാർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകണമെന്ന ശുപാർശ നൽകിയത്.

കോവിഡ് വ്യാപനം തടയുന്നതിന് വാക്സിനേഷൻ ഉപകരിക്കുമോയെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അതോടൊപ്പം പല രാജ്യങ്ങളിലും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ട ആവശ്യം നിലവിലില്ല. ഈ സാഹചര്യങ്ങളൊക്കെ യാത്രക്കാർ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന തീരുമാനം നീട്ടി വെയ്ക്കുന്നതിന് കാരണമായി. അതേസമയം കൊറോണ ഇപ്പോഴും പൊതുജനാരോഗ്യത്തിന് ഭീഷണിയാണന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി വ്യക്തമാക്കുന്നു.