കുവൈറ്റ്: 25 വർഷങ്ങളായി കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാന്ത്വനം കുവൈറ്റ്, സിൽവർ ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന പ്രത്യേക ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചു.
സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന കേരള പ്രസ്സ് ക്ലബ് മാധ്യമസമ്മേളനത്തിൽ, മനോരമ ടി വി യുടെ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും, മാതൃഭൂമി ടി വി യുടെ സീനിയർ ജേർണലിസ്റ്റ് മാതുസജിയും ചേർന്ന് പ്രത്യേക ക്ഷേമപദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.
‘സാന്ത്വനം കുവൈറ്റ്’ന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾ 25ആം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുടെ പ്രത്യേക ക്ഷേമ പദ്ധതികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നത്.
1. 25 രോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയകൾക്കായി ഒരു ലക്ഷം രൂപ വീതം സഹായം.
2. ക്യാൻസർ ബാധിതരായ 25 കുട്ടികൾക്ക് 50,000 രൂപ വീതം.
3. 25 നിർധന വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതം ഉന്നത വിദ്യാഭ്യാസ സഹായം.
ഈ പ്രത്യേക സഹായപദ്ധതിയിൽ ആദ്യമായി തിരഞ്ഞെടുത്തത് മലയാളത്തിലെ പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇടുക്കി നെടുങ്കണ്ടം സ്വദേശി 7 വയസ്സുകാരനായ അഡോൺ സിനോയിയെ ആണ്. അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അഡോണിന്റെ കരൾമാറ്റ ശസ്ത്രക്രിയക്കായി ഒരു ലക്ഷം രൂപ, അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് ഇതിനോടകം അയച്ചു നൽകിയതായി സാന്ത്വനം കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
2001 മുതൽ, 25 വർഷമായി മുടങ്ങാതെ തുടരുന്ന പ്രതിമാസ സഹായ പദ്ധതികൾക്ക് പുറമെയാണ്, മേൽപ്പറഞ്ഞ പ്രത്യേക സഹായ പദ്ധതികൾ എന്ന് ഭാരവാഹികളായ ജ്യോതിദാസ്, സന്തോഷ് കുമാർ, ജീതിൻ ജോസ് എന്നിവർ അറിയിച്ചു.
25 വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ, 20,000-ത്തിലേറെ നിർധന രോഗികൾക്ക് 19 കോടി രൂപയുടെ ചികിത്സാ-വിദ്യാഭ്യാസ-കുടുംബ സഹായങ്ങളും, മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികളും, ഈ പ്രവാസി സംഘടന ഇതിനോടകം, നടപ്പിലാക്കിയിട്ടുണ്ട്.
കേരളത്തിൽ, സഹായങ്ങൾ തീരെ എത്താത്ത ഉൾഗ്രാമങ്ങളിൽ പോലും നിരവധി സേവന പ്രവർത്തനങ്ങളാണ് സാന്ത്വനം കുവൈറ്റ് നടത്തിവരുന്നത്.
കാസർകോഡ് എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നിർമ്മിച്ച് നൽകിയ ഫിസിയോതെറാപ്പി- പാലിയേറ്റീവ് കെയറിന്റെ സേവനം നിലവിൽ 120-ഓളം രോഗികളാണ് പ്രയോജനപ്പെടുത്തുന്നത്.
കൂടാതെ ഇടുക്കി പശുപ്പാറ പീപ്പിൾസ് ക്ലബുമായി സഹകരിച്ച് 40 ലക്ഷം രൂപ ചിലവിൽ ഒരു സൗജന്യ ഫിസിയോതെറാപ്പി – പാലിയേറ്റീവ് പരിചരണ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനം ഇടുക്കിയിൽ പുരോഗമിക്കുന്നതിനൊടൊപ്പം സമാനമായ ഒരു പ്രോജക്ട് വയനാട്ടിലും നടപ്പിലാക്കുന്നു.
തിരുവനന്തപുരം ആർ സി സി യുമായി ചേർന്ന്, ക്യാൻസർ അതിപ്രസരം നേരിടുന്ന കൊല്ലം ജില്ലയിൽ, ക്യാൻസർ നിർണ്ണയ ക്യാമ്പുകൾ സംഘടിപ്പിക്കുവാൻ സജജമായ മൊബൈൽ ക്ലിനിക്ക് വാൻ ഉടൻ തന്നെ യാഥാർത്ഥ്യമാകും. സാന്ത്വനം കുവൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ഭാരവാഹികൾ അഭ്യർത്ഥിച്ചു.